സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നാൽ ഒരു മാസം കണ്ടുകെട്ടും; നടപടി കർശനമാക്കി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം
പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, സ്കൂളുകളിൽ വിദ്യാർഥികൾ നിയമവിരുദ്ധമായി മൊബൈൽ ഫോൺ കൈവശം വെക്കുന്നതിനെതിരെ ശിക്ഷാ നടപടികൾ കടുപ്പിച്ച് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ വളപ്പിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്താൽ ആദ്യഘട്ടത്തിൽ ഒരു മാസത്തേക്ക് കണ്ടുകെട്ടും. കുറ്റം ആവർത്തിച്ചാൽ നടപ്പ് അധ്യയന വർഷം പൂർത്തിയാകുന്നത് വരെ ഫോൺ സ്കൂൾ അധികൃതരുടെ കസ്റ്റഡിയിൽ സൂക്ഷിക്കും.
2018-ലെ 851-ാം നമ്പർ മന്ത്രാലയ ഉത്തരവ് പ്രകാരമാണ് അച്ചടക്ക നടപടികൾ നടപ്പാക്കുന്നത്. ഫോൺ പിടിച്ചെടുത്താൽ ഉടൻ രക്ഷിതാക്കളെ വിവരമറിയിക്കുകയും ഫോൺ കണ്ടുകെട്ടുമ്പോൾ 'ഫോം 24', കാലാവധിക്ക് ശേഷം ഫോൺ തിരിച്ചുകൊടുക്കുമ്പോൾ 'ഫോം 25' എന്നിവയിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം. മൊബൈൽ ഫോണുകൾ കണ്ടെത്താൻ വിദ്യാർഥികളുടെ ബാഗുകളിൽ പരിശോധന നടത്താമെങ്കിലും, കുട്ടികളുടെ ശരീരത്തിൽ തൊടാനോ സ്വകാര്യത ലംഘിക്കാനോ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
അധ്യാപകരുടെയും മറ്റ് വിദ്യാർഥികളുടെയും ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുന്നതിനോ, അധാർമിക കാര്യങ്ങൾക്കോ ഫോൺ ഉപയോഗിച്ചാൽ ഗുരുതരമായ നടപടിയുണ്ടാകും. ഇത്തരം കേസുകൾ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറും. കൂടാതെ സ്മാർട്ട് വാച്ചുകൾ, ഗെയിമിംഗ് ഉപകരണങ്ങൾ എന്നിവയ്ക്കും സ്കൂളുകളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള സ്കൂളുകൾക്ക് ഈ നിയമം പൂർണമായും ബാധകമാണ്.