മഞ്ഞ വര കടന്നാൽ പിടിവീഴും; ബഹ്റൈനിൽ എമർജെൻസി ലൈൻ നിയമലംഘകർക്കെതിരെ കർശന നടപടി

 

ഹൈവേകളിലെ മഞ്ഞ വരകൾക്കുള്ളിലൂടെയുള്ള (എമർജെൻസി ലൈൻ) നിയമവിരുദ്ധ ഡ്രൈവിങ് തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കർശന നടപടി വേണമെന്ന് ബഹ്റൈൻ പാർലമെന്റിൽ ആവശ്യം. ഡോ. മുനീർ സുരൂറിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഇത് സംബന്ധിച്ച അടിയന്തര നിർദ്ദേശം സഭയിൽ സമർപ്പിച്ചത്. ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ എ.ഐ (AI) അധിഷ്ഠിത ക്യാമറകൾ ഉൾപ്പെടെയുള്ള സ്മാർട്ട് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.

തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ പല ഡ്രൈവർമാരും എമർജെൻസി ലൈനുകൾ ദുരുപയോഗം ചെയ്യുന്നത് പതിവാണെന്ന് ഡോ. സുരൂർ ചൂണ്ടിക്കാട്ടി. ഇത് ജീവൻരക്ഷാ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഓരോ സെക്കൻഡും വിലപ്പെട്ട ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര പാതകൾ തടസ്സപ്പെടുത്തുന്നത് കുറ്റകരമാണ്. നിയമലംഘനം നടത്തിയാൽ ഉടൻ തന്നെ ഡ്രൈവറുടെ ഫോണിലേക്ക് സന്ദേശം എത്തുന്ന തരത്തിലുള്ള നിരീക്ഷണ സംവിധാനം നടപ്പിലാക്കണമെന്നും ശുപാർശയിൽ പറയുന്നു.

കഴിഞ്ഞ വർഷം ബഹ്റൈനിൽ വാഹനാപകടങ്ങളിൽ 76 പേർക്ക് ജീവൻ നഷ്ടമായിരുന്നു. നിലവിൽ ആഭ്യന്തര മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്ന 500 ഓളം എ.ഐ ക്യാമറകളുടെ സേവനം എമർജെൻസി ലൈനുകളിലെ നിയമലംഘനം കണ്ടെത്താനും വിപുലീകരിക്കണം. പാർലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിക്ക് കൈമാറിയ ഈ ശുപാർശയിൽ ട്രാഫിക് നിയമങ്ങൾ കൂടുതൽ കർശനമാക്കാനാണ് ലക്ഷ്യമിടുന്നത്.