പറക്കുന്ന സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം; ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ

 

ഒമാനിൽ പറക്കുന്ന സംശയാസ്പദമായ വസ്തുക്കളോ ഡ്രോണുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ജനങ്ങളുടെ ജാഗ്രത അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

സംശയാസ്പദമായ ഡ്രോണുകളോ മറ്റ് വസ്തുക്കളോ കണ്ടാൽ സുരക്ഷാ ഏജൻസികളുടെ ഔദ്യോഗിക വാട്‌സാപ്പ് നമ്പറായ 77720078-ൽ വിവരമറിയിക്കണം. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പരിഭ്രാന്തരാകരുത് എന്നും അവയിൽ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സാധ്യമാണെങ്കിൽ വസ്തു കണ്ട കൃത്യമായ സ്ഥലം അടയാളപ്പെടുത്തുകയും ഫോട്ടോയോ വീഡിയോയോ എടുത്ത് സൂക്ഷിക്കുകയും ചെയ്യണം. എന്നാൽ ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനോ അഭ്യൂഹങ്ങൾ പരത്താനോ പാടുള്ളതല്ല. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.

അസാധാരണമായ വലിയ ശബ്ദത്തോടെ താഴ്ന്നു പറക്കുന്നതും, സാധാരണ വിമാനങ്ങളിലെപ്പോലെയുള്ള ലൈറ്റുകൾ ഇല്ലാതെ പതുക്കെ നീങ്ങുന്നതുമായ ഡ്രോണുകളെ പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒമാൻ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും അധികൃതരുമായി സഹകരിക്കണമെന്ന് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.