ഇറാൻ്റെ മുന്നറിയിപ്പുകൾ അവഗണിച്ചു; ഹോർമുസിൽ കപ്പലുകൾക്ക് നേരെ വെടിവെപ്പ്
ഇറാൻ-യുഎസ് വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ തുടരുന്നു. മേഖലയിൽ മൂന്ന് കപ്പലുകൾക്ക് നേരെ ഇറാൻ സേന വെടിവെപ്പ് നടത്തിയതായാണ് റിപ്പോർട്ട്. പനാമയുടെ പതാകയേന്തിയ 'എം.എസ്.സി ഫ്രാൻസിസ്ക' (MSC Francisca) എന്ന കപ്പലിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. സൗദിയിലെ ദമ്മാമിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു ഈ കപ്പൽ. ഒമാൻ തീരത്തിന് വടക്കുകിഴക്കായി 15 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം.
ഇറാന് എട്ട് നോട്ടിക്കൽ മൈൽ അകലെ വെച്ച് മറ്റൊരു കപ്പലിന് നേരെയും ആക്രമണമുണ്ടായി. എന്നാൽ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മൂന്നാമതൊരു കപ്പലിന് നേരെ കൂടി വെടിവെപ്പുണ്ടായതായി വിവരമുണ്ട്. തങ്ങളുടെ സമുദ്രനിയമങ്ങൾ ലംഘിച്ചതിനാലാണ് കപ്പലുകൾക്ക് നേരെ നടപടിയെടുത്തതെന്ന് ഇറാന്റെ തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഒരു ചരക്ക് കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു. മുന്നറിയിപ്പുകൾ അവഗണിക്കുന്നവർ വില നൽകേണ്ടി വരുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ നീട്ടിയെങ്കിലും ഹോർമുസിലെ നാവിക ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് അടച്ചതായി ഇറാനും പ്രഖ്യാപിച്ചു. ലോകത്തെ അസംസ്‌കൃത എണ്ണ ഉൽപ്പാദനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകും. പാക് മധ്യസ്ഥതയിലുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, മേഖലയിലെ സംഘർഷം ഏത് നിമിഷവും ഒരു പൂർണ്ണയുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.