സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എ.ഐ പരിശീലനവുമായി ഐ.ഐ.ടി ഡല്‍ഹി-അബൂദബി; 'അല്‍ ഇബ്തികാര്‍' പദ്ധതിക്ക് നാളെ തുടക്കം
യു.എ.ഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ എന്‍ജിനീയറിങ്, നിര്‍മിത ബുദ്ധി (AI), സംരംഭകത്വ ചിന്താഗതികള്‍ എന്നിവ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഐ.ഐ.ടി ഡല്‍ഹി-അബൂദബി കാമ്പസ് പുതിയ ഫ്‌ളാഗ്ഷിപ്പ് സ്‌കൂള്‍ ഔട്ട്‌റീച്ച് പദ്ധതിയായ 'അല്‍ ഇബ്തികാര്‍' പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായുള്ള മൂന്നുദിവസത്തെ റസിഡന്‍ഷ്യല്‍ എ.ഐ ബൂട്ട് ക്യാമ്പ് നാളെ (ജൂലൈ 6) മുതല്‍ എട്ടുവരെ കാമ്പസില്‍ നടക്കും.
യു.എ.ഇയിലുടനീളമുള്ള 11, 12 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം നടത്തിയ ക്യാമ്പുകളുടെ വിജയത്തുടർച്ചയായാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ക്യു.എസ് വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിങ് പ്രകാരം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഐ.ഐ.ടി ഡല്‍ഹിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസാണ് അബൂദബിയിലേത്. വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കുന്ന തുടര്‍ച്ചയായ പ്രക്രിയയായിട്ടാണ് 'അല്‍ ഇബ്തികാര്‍' വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിലൂടെ ഇന്നൊവേഷന്‍ ലാബുകള്‍, പ്രമുഖരുടെ മാസ്റ്റര്‍ ക്ലാസുകള്‍, മെന്റര്‍ഷിപ്പ് എന്നിവ കുട്ടികൾക്ക് ലഭ്യമാകും. യു.എ.ഇ നാഷനല്‍ സ്ട്രാറ്റജി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 2031, നെറ്റ് സീറോ 2050 തുടങ്ങിയ രാജ്യത്തിന്റെ ദേശീയ ലക്ഷ്യങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ് ഐ.ഐ.ടി ഡല്‍ഹിയുടെ ഈ പുതിയ ചുവടുവെപ്പ്.