ഇമ്രാൻ ഖാനെ ആശുപത്രിയിലാക്കി മണിക്കൂറുകൾക്കകം വീണ്ടും ജയിലിലേക്ക് മാറ്റി
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ തിരികെ അദിയാല ജയിലിലേക്ക് മാറ്റി. ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനകൾ നടത്തിയ ശേഷം, ആരോഗ്യനില തൃപ്തികരമാണെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി.
തുടർച്ചയായ ആരോഗ്യപ്രശ്നങ്ങളും 'ലെവൽ ത്രീ പ്ലസ്' ആൻക്സൈറ്റിയും ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാന് വിദഗ്ധ ചികിത്സ നൽകാൻ പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഓഗസ്റ്റ് 18-ലെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അർദ്ധരാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ തടവുകാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനെതിരെ ഷെഹബാസ് ഷെരീഫ് സർക്കാർ തുടക്കത്തിൽ എതിർപ്പ് അറിയിച്ചിരുന്നു.
2023 ഓഗസ്റ്റ് മുതൽ വിവിധ കേസുകളിൽപ്പെട്ട് അദിയാല ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ആശുപത്രിയിൽ നിന്നുള്ള പരിശോധനകൾക്ക് ശേഷം കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ തിരികെ സെല്ലിലേക്ക് മാറ്റിയതെന്ന് പിടിഐ (PTI) വക്താക്കൾ അറിയിച്ചു.