ബഹ്‌റൈനിൽ ഏപ്രിൽ 5 മുതൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം; പുതിയ നിയന്ത്രണങ്ങൾ പുറത്തിറക്കി

 

ബഹ്‌റൈനിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സിവിൽ സർവീസ് ബ്യൂറോ. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, ഏപ്രിൽ 5 ഞായറാഴ്ച മുതൽ സർക്കാർ ഓഫീസുകളിൽ ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്തി. ബാക്കിയുള്ള 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണ്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോഴും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരത്തെയോ പ്രവർത്തനത്തെയോ യാതൊരു കാരണവശാലും ബാധിക്കരുതെന്ന് സിവിൽ സർവീസ് ബ്യൂറോ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നേരിട്ടുള്ള സാന്നിധ്യം അനിവാര്യമായ തസ്തികകളെയും പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സേവന വിഭാഗങ്ങളെയും ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏതെല്ലാം തസ്തികകളിലുള്ളവർ ഓഫീസുകളിൽ ഹാജരാകണമെന്ന് അതത് വകുപ്പുകൾക്ക് തീരുമാനിക്കാം.

ഓഫീസിലെത്തുന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് വിവിധ വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനം നടത്തേണ്ടതുണ്ട്. ഹാജർ നില പരിമിതപ്പെടുത്തുന്നതിനൊപ്പം തന്നെ തൊഴിലിടങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ജീവനക്കാരുടെ ഹാജർ നിലയും സംബന്ധിച്ച റിപ്പോർട്ടുകൾ എല്ലാ ആഴ്ചയും സിവിൽ സർവീസ് ബ്യൂറോയ്ക്ക് സമർപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.