ബഹ്‌റൈനിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈദിന് മുൻപ് ശമ്പളം നൽകും; ഉത്തരവിട്ട് കിരീടാവകാശി
ചെറിയ പെരുന്നാൾ പ്രമാണിച്ച് ബഹ്‌റൈനിലെ സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനും ഈദിന് മുൻപ് വിതരണം ചെയ്യാൻ ഉത്തരവ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പെരുന്നാൾ ആഘോഷങ്ങൾക്കായി കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ് മുൻകൂട്ടി ശമ്പളം നൽകുന്നത്. കൂടാതെ, അടുത്ത മാസത്തെ ശമ്പളം ഏപ്രിൽ 22-ന് നൽകാനും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തെ ശമ്പള വിതരണങ്ങൾക്കിടയിലുള്ള കാലതാമസം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പെരുന്നാൾ വിപണിയിൽ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും വ്യവസായ-വാണിജ്യ മന്ത്രാലയത്തിന് കാബിനറ്റ് കർശന നിർദ്ദേശം നൽകി. സ്വകാര്യ മേഖലയുമായി സഹകരിച്ച് വിതരണ ശൃംഖലകൾ സുഗമമാണെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിരീക്ഷണം ശക്തമാക്കും. ചെറിയ പെരുന്നാൾ പ്രമാണിച്ച് ഹമദ് രാജാവിനും രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും കാബിനറ്റ് ആശംസകൾ നേർന്നു. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ പ്രൊഫഷണലിസത്തെ യോഗം പ്രശംസിച്ചു.
മനാമയിലെ ജനവാസ മേഖല ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ ഒരു ബഹ്‌റൈനി യുവതി കൊല്ലപ്പെട്ടതിൽ കാബിനറ്റ് അഗാധമായ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച കാബിനറ്റ്, ഇത്തരം അക്രമങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ സമാധാനവും സുരക്ഷയും നിലനിർത്താൻ സുരക്ഷാ സേനകൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് കാബിനറ്റ് വിലയിരുത്തി.