അടിയന്തര ഘട്ടങ്ങളിൽ ഇനി വേഗത്തിലെയത്താം; അഗ്നിശമന പ്രവർത്തനങ്ങൾക്ക് 'ഫയർ ബൈക്കുകളുമായി' ഷാർജ സിവിൽ ഡിഫൻസ്
തീപിടുത്തങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ അടിയന്തര സഹായമെത്തിക്കാൻ 'ഫയർ ബൈക്കുകൾ' അവതരിപ്പിച്ച് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. പ്രധാന ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തുന്നതുവരെയുള്ള സമയത്തിനുള്ളിൽ പ്രാഥമിക രക്ഷാപ്രവർത്തനങ്ങളും പ്രതിരോധ നടപടികളും സ്വീകരിക്കുകയാണ് ഈ ഫയർ ബൈക്കുകളിലൂടെ ലക്ഷ്യമിടുന്നത്.
വേനൽക്കാലത്ത് അനുഭവപ്പെടുന്ന കനത്ത ട്രാഫിക് കുരുക്കുകളിൽ വലിയ ഫയർഫോഴ്സ് വാഹനങ്ങൾ പെട്ടുപോകുന്നത് ഒഴിവാക്കാനും, വീതികുറഞ്ഞ വഴികളിലൂടെ എളുപ്പത്തിൽ സംഭവസ്ഥലത്തേക്ക് കുതിച്ചെത്താനും ബൈക്കുകൾക്ക് കഴിയും. കടുത്ത ചൂട് കാരണം തീപിടുത്ത സാധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രതിരോധ സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ഇതോടൊപ്പം എമിറേറ്റിലെ അഗ്നിശമന സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിവൻഷൻ ആൻഡ് പ്രൊട്ടക്ഷൻ പ്രത്യേക പരിശോധനകൾ നടത്തി. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി എ.ഐ (Artificial Intelligence) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.