മൂന്ന് വർഷത്തിനകം കുവൈത്തിലെ ​ഗവൺമെന്റ് ഇടപാടുകൾ പേപ്പർ രഹിതമാകും; വൻകിട പദ്ധതിയുമായി സിഎഐടി

 

മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ ഇടപാടുകളിൽ നിന്ന് പേപ്പർ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വൻകിട ഡിജിറ്റൽ പദ്ധതിയുമായി കുവൈത്ത് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി (CAIT). ഇതിനായി 99,92,000 കുവൈത്ത് ദിനാർ (ഏകദേശം 3.24 കോടി യുഎസ് ഡോളർ) മൂല്യമുള്ള പദ്ധതി കരാർ പ്രാഥമിക ഓഡിറ്റിങ്ങിനും അനുമതിക്കുമായി ഏജൻസി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയ്ക്ക് സമർപ്പിച്ചു.

ഗൂഗിൾ ക്ലൗഡിന്റെ (Google Cloud) ഔദ്യോഗിക പങ്കാളികളായ ആഗോള ടെലികോം കമ്പനിയാണ് ഈ മൂന്ന് വർഷത്തെ പദ്ധതി നടപ്പിലാക്കുന്നത്. കുവൈത്തിന്റെ വികസന കാഴ്ചപ്പാടായ 'ന്യൂ കുവൈത്ത് 2035' ലക്ഷ്യങ്ങളിലേക്ക് എത്തിക്കുന്നതിൽ ഈ ഡിജിറ്റൽ പരിവർത്തനം നിർണ്ണായക പങ്കുവഹിക്കും. എല്ലാ ഭരണപരമായ നടപടികളും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ഫയലുകളും പേപ്പർ ഇടപാടുകളും പൂർണ്ണമായും ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം.

വിവിധ സർക്കാർ മന്ത്രാലയങ്ങളെയും സേവനങ്ങളെയും ഒരൊറ്റ സുരക്ഷിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കാൻ ഈ പദ്ധതി വഴി സാധിക്കും. ആഗോള ടെലികമ്മ്യൂണിക്കേഷൻ ദാതാക്കളുമായി നേരിട്ട് കരാറിൽ ഏർപ്പെടുന്നതിനായി സെൻട്രൽ ഏജൻസി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരം ഇതിനകം നേടിയിട്ടുണ്ട്. ഓഡിറ്റ് ബ്യൂറോയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ പദ്ധതിയുടെ അടുത്ത ഘട്ട നടപടികൾ ആരംഭിക്കും.