ബൈഡനെ അപായപ്പെടുത്താനുള്ള ശ്രമം; വൈറ്റ് ഹൗസിനടുത്തേക്ക് ട്രക്ക് ഓടിച്ച് കയറ്റി ഇന്ത്യൻ വംശജൻ

 

വൈറ്റ് ഹൗസിനടുത്തുള്ള സുരക്ഷാ ബാരിക്കേഡിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ സായ് വർഷിത് കാന്ദുലയെ വാഷിങ്ടൺ പോലീസ് അറസ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് ഭാ​ഗത്തുള്ള സുരക്ഷാ ബാരിക്കേഡിലേക്ക് 19കാരൻ ട്രക്ക് ഇടിച്ചുകയറ്റിയത്. ചുവപ്പും വെള്ളയും കറുപ്പും കലർന്ന നാസി ചിഹ്നം പതിച്ച പതാക വാടകയ്ക്കെടുത്ത വാഹനത്തിൽ നിന്ന് കണ്ടെടുത്തു. പ്രതി മനപൂർവമാണ് ഈ പ്രവൃത്തി ചെയ്തതെന്നും ട്രക്കിൽ സ്ഫോടക വസ്തുക്കളോ മറ്റ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. 

മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ പ്രസിഡന്റിനെ അപായപ്പെടുത്തുമെന്ന് ഇയാൾ അലറി വിളിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ രഹസ്യാന്വേഷണ ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.