പാസ്‌പോർട്ട്, വിസ സേവന കരാർ വ്യവസ്ഥകൾ വ്യക്തമാക്കി ഇന്ത്യൻ എംബസി
ഒമാനിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സേവന ദാതാക്കളായ എസ്.ജി.ഐ.വി.എസ് (SGIVS) ഏജൻസിയുമായുള്ള കരാർ വ്യവസ്ഥകൾ ഇന്ത്യൻ എംബസി പരസ്യപ്പെടുത്തി. നിലവിൽ എംബസിയുടെ അംഗീകൃത സേവന ദാതാവ് എസ്.ജി.ഐ.വി.എസ് മാത്രമാണെന്നും മറ്റ് ഏജൻസികൾക്കോ വ്യക്തികൾക്കോ ഇതിന് അനുമതിയില്ലെന്നും എംബസി വ്യക്തമാക്കി. ഒമാനിലെ 11 എസ്.ജി.ഐ.വി.എസ് സെന്ററുകളിലും അപേക്ഷകൾ സ്വീകരിക്കണം. മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തവർക്ക് മുൻഗണന നൽകണമെന്നും അല്ലാത്തവരെ തിരക്കില്ലാത്ത സമയങ്ങളിൽ പരിഗണിക്കണമെന്നുമാണ് വ്യവസ്ഥ.
അപേക്ഷകർക്കായി വലിയ ഇളവുകളും പുതിയ കരാറിലുണ്ട്. പാസ്‌പോർട്ട് അപേക്ഷകർ ഫോട്ടോ കൊണ്ടുവരേണ്ടതില്ല; ആറ് ഒമാനി റിയാൽ എന്ന സർവീസ് ചാർജിന് പുറമെ അധിക തുക ഈടാക്കാതെ സെന്ററിൽ വെച്ച് തന്നെ ഫോട്ടോ എടുത്തു നൽകേണ്ടത് ഏജൻസിയുടെ ഉത്തരവാദിത്തമാണ്. കൂടാതെ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനോ രേഖകളുടെ പകർപ്പ് എടുക്കുന്നതിനോ അധിക തുക ഈടാക്കാൻ പാടില്ല. പാസ്‌പോർട്ടുകളും സർട്ടിഫിക്കറ്റുകളും കൊറിയർ വഴി തിരികെ എത്തിക്കുന്നതിനും അധിക ചാർജ് നൽകേണ്ടതില്ല. രേഖകൾ അയക്കുമ്പോൾ അപേക്ഷകർക്ക് എസ്.എം.എസ് അല്ലെങ്കിൽ വാട്സാപ്പ് വഴി അറിയിപ്പ് നൽകണമെന്നും നിർദ്ദേശമുണ്ട്.
സേവനങ്ങളിൽ എന്തെങ്കിലും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അപേക്ഷകർക്ക് എംബസിയിൽ പരാതിപ്പെടാവുന്നതാണ്. കൃത്യമായ രസീത് ഇല്ലാതെ പണമടയ്ക്കരുതെന്നും പ്രീമിയം ലോഞ്ച് ഉൾപ്പെടെയുള്ള സേവനങ്ങളുടെ പേരിൽ അധിക തുക വാങ്ങാൻ പാടില്ലെന്നും എംബസി ഓർമ്മിപ്പിച്ചു. പരാതികൾ cons.muscat@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാം. വ്യക്തിവിവരം രഹസ്യമായി വെക്കാൻ ആഗ്രഹിക്കുന്നവർക്ക് sscons.muscat@mea.gov.in എന്ന വിലാസത്തിലും ഇമെയിൽ അയക്കാവുന്നതാണ്.