യു.എ.യിലേക്കുളള സന്ദർശക-താമസ വിസക്കാർക്ക് പുതിയ ഇൻഷുറൻസ് നിർദേശവുമായി ഇന്ത്യൻ എംബസി

 

യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് മാർഗ്ഗനിർദ്ദേശങ്ങളുമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും. സന്ദർശക, ടൂറിസ്റ്റ് വിസകളിൽ യു.എ.ഇയിലേക്ക് വരുന്നവരും, അവിടെ തൊഴിൽ അല്ലെങ്കിൽ ആശ്രിത (ഡെസിഗ്നേറ്റഡ്) താമസ വിസകളിൽ കഴിയുന്നവരും കൃത്യമായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പുവരുത്തണമെന്ന് നയതന്ത്ര കാര്യാലയങ്ങൾ നിർദ്ദേശിച്ചു.

യു.എ.ഇയിൽ സന്ദർശക-ടൂറിസ്റ്റ് വിസകളിലെത്തുന്ന പ്രവാസികൾക്കും താമസക്കാർക്കും അപ്രതീക്ഷിതമായി ഉണ്ടാകുന്ന മെഡിക്കൽ എമർജൻസികളും ഉയർന്ന ചികിത്സാ ചെലവുകളും കണക്കിലെടുത്താണ് ഈ മുൻകരുതൽ നിർദ്ദേശം. യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ക്യാഷ്‌ലെസ് (Cashless) സൗകര്യമുള്ളതും, ആവശ്യമെങ്കിൽ രോഗിയെ തുടർചികിത്സയ്ക്കായി ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള (repatriation) ചെലവുകൾ ഉൾക്കൊള്ളുന്നതുമായ ഇൻഷുറൻസ് പോളിസികൾ എടുക്കാൻ എംബസി നിർദ്ദേശിച്ചു. തൊഴിൽ, കുടുംബ വിസകളിലുള്ളവരും മെഡിക്കൽ ഇൻഷുറൻസ് കാലാവധി പുതുക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.