പുതുമയോടെ ഇന്ത്യൻ ഇ-പാസ്പോർട്ട്: ബഹ്റൈനിലും ലഭ്യമായി

 

ഇന്ത്യൻ ഗവൺമെന്റ് പുറത്തിറക്കിയ അതിസുരക്ഷയുള്ള ഡിജിറ്റൽ പാസ്പോർട്ട് (ഇ-പാസ്പോർട്ട്) ഇപ്പോൾ ബഹ്റൈനിലെ പ്രവാസികൾക്കും ലഭ്യമായിത്തുടങ്ങി. വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്പോർട്ട് സേവാ പ്രോഗ്രാം 2.0-ന്റെ ഭാഗമായാണ് 2024 ഏപ്രിലിൽ ഡിജിറ്റൽ പാസ്പോർട്ട് എന്ന ആശയം യാഥാർത്ഥ്യമായത്. അന്താരാഷ്ട്ര യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാനും എളുപ്പത്തിലാക്കാനുമുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണിത്. നേരത്തെ ഇന്ത്യക്കകത്തും മറ്റു ചിലയിടങ്ങളിലും മാത്രമായിരുന്നു ഇതിന്റെ ലഭ്യതയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ലോകത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും എംബസി മുഖേനെ പാസ്പോർട്ട് ലഭിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബഹ്റൈനിലും നിലവിൽ ഡിജിറ്റൽ പാസ്പോർട്ട് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഈ പാസ്പോർട്ടിന്റെ പ്രധാന സവിശേഷത അതിന്റെ മുൻ പേജിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ചിപ്പാണ്. വിരലടയാളം, മുഖചിത്രം, വ്യക്തിഗത വിവരങ്ങൾ, ബയോമെട്രിക് വിവരങ്ങൾ എന്നിവ ഈ ചിപ്പിൽ സുരക്ഷിതമായി ശേഖരിച്ചിരിക്കും. ഈ പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇനി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) ഏകോപിപ്പിച്ചിട്ടുള്ള എല്ലാ വിമാനത്താവളങ്ങളിലെയും ഇ-ഗേറ്റ് സംവിധാനം വഴി എമിഗ്രേഷൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. സുരക്ഷയും വേഗത്തിലുള്ള പ്രൊസസിങ്ങുമാണ് ഈ ചിപ്പിന്റെ പ്രധാന പ്രത്യേകത. വ്യാജമായോ മറ്റോ ഇനി പാസ്പോർട്ട് നിർമിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.

നിലവിൽ 59 ഓളം രാജ്യങ്ങളിൽ ഈ പാസ്പോർട്ട് സാധുവാണ്. 29 ഓളം രാജ്യങ്ങളിൽ ഓൺ അറൈവൽ വിസയും 35 ഓളം രാജ്യങ്ങളിൽ വിസയില്ലാതെയും ഈ പാസ്പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയുമെന്നാണ് അറിയാൻ കഴിഞ്ഞത്. നിലവിലുള്ള പാസ്പോർട്ട് കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുക്കുന്നവർക്കും ഇനി മുതൽ ഇത്തരത്തിലുള്ള ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടാണ് ലഭിക്കുക. അന്താരാഷ്ട്ര യാത്ര എളുപ്പമാക്കുക, സുരക്ഷ വർധിപ്പിക്കുക, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി വെക്കുക എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ.