കുവൈത്തിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ പുനഃരാരംഭിച്ചു; കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ ഇന്ന് മുതൽ പ്രവർത്തിക്കും
കുവൈത്തിലെ ഇന്ത്യൻ കോൺസുലർ (ICAC) ആപ്ലിക്കേഷൻ സെന്ററുകൾ വഴി നൽകിവന്നിരുന്ന പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇന്ന് മുതൽ പുനഃരാരംഭിക്കും. എംബസി വിജ്ഞാപനപ്രകാരം 'ഡിയു ഡിജിറ്റൽ ഗ്ലോബൽ' (DU Digital Global) ആയിരിക്കും ഇനി മുതൽ സെന്ററുകളുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നത്.
കുവൈത്ത് സിറ്റി (അൽ ജൗഹറ ടവർ), ഫഹാഹീൽ (സമ മാൾ), ദജീജ് (വഹാ മാൾ) എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളും ദിവസവും രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ പ്രവർത്തിക്കും.
അപേക്ഷകർക്ക് നേരിട്ടോ (Walk-in) ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തോ കേന്ദ്രങ്ങളിലെത്തി സേവനങ്ങൾ കൈപ്പറ്റാം. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുമ്പോൾ ശരിയായ വിഭാഗം തിരഞ്ഞെടുക്കാൻ അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംബസി അറിയിച്ചു.
നിശ്ചിത കോൺസുലർ, പാസ്‌പോർട്ട്, വിസ ഫീസുകൾക്ക് പുറമെ സർവീസ് ചാർജായി 6 കുവൈത്ത് ദിനാർ വീതം ഡിയു ഡിജിറ്റൽ ഗ്ലോബൽ ഈടാക്കും. അപേക്ഷാ ഫോമുകൾ, ടൈപ്പിങ്, കൊറിയർ, ഫോട്ടോഗ്രാഫി, പ്രിന്റിങ് തുടങ്ങിയ അധിക സേവനങ്ങൾ ലഭിക്കുന്നതിനാണ് ഈ തുക.