ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു; മൃതദേഹം ജീർണ്ണിക്കാതിരിക്കാൻ തണുത്തവെള്ളം നിറച്ച കുപ്പികൾ
ഒമാനിലെ ദുഖ്മ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ ഇന്ത്യൻ നാവികൻ ആരോഗ്യപരമായ സങ്കീർണതകളെ തുടർന്ന് മരിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 'എം.ടി സെലസ്റ്റിയൽ' എന്ന കപ്പലിലെ സെക്കൻഡ് ഓഫീസറും തമിഴ്‌നാട് സ്വദേശിയുമായ നിഷാന്ത് ഉയിർത്ഥനാഥൻ (35) ആണ് മരിച്ചത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് എംബസി വ്യക്തമാക്കി. അതേസമയം, നിഷാന്തിന് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന ഗുരുതര ആരോപണവുമായി നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) രംഗത്തെത്തി. ജൂൺ 8-ന് അസുഖബാധിതനായ നിഷാന്ത് ജൂൺ 11-നാണ് മരണപ്പെടുന്നത്. സമയത്തിന് വൈദ്യസഹായം നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും, മരണപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മൃതദേഹം കപ്പലിൽ നിന്ന് മാറ്റിയില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തി.
കപ്പലിൽ മൃതദേഹം ഫ്രീസ് ചെയ്യാനുള്ള സംവിധാനമില്ലാത്തതിനാൽ തണുത്ത വെള്ളം നിറച്ച കുപ്പികൾ വെച്ചാണ് ജീവനക്കാർ മൃതദേഹം ജീർണിക്കാതെ സൂക്ഷിക്കുന്നതെന്നും, പലതവണ സഹായം അഭ്യർത്ഥിച്ചിട്ടും സമയത്തിന് മെഡിക്കൽ ഇവാക്വേഷൻ സാധ്യമായില്ലെന്നും യൂണിയൻ എക്സിലൂടെ (X) അറിയിച്ചു. മരണകാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാത്ത എംബസി, കുടുംബത്തെ അനുശോചനം അറിയിക്കുകയും കപ്പൽ കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. യു.എസ് ഉപരോധം ലംഘിച്ചെന്ന സംശയത്താൽ ഈ കപ്പൽ മേയ് മാസത്തിൽ യു.എസ് സേന തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.