ടൊറന്റോ സർവകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

 

ടൊറന്റോ സർവകലാശാലയിലെ സ്കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഡോക്ടറൽ വിദ്യാർത്ഥിയായ ശിവങ്ക് അവസ്തി (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡിസംബർ 23-നായിരുന്നു സംഭവം. ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായും ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

സംഭവത്തിൽ ടൊറന്റോ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായോ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ കൈമാറുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അതീവ ദുഃഖം രേഖപ്പെടുത്തി. ശിവങ്കിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി പ്രാദേശിക അധികാരികളുമായി ചേർന്ന് എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് എക്സ് (X) പോസ്റ്റിലൂടെ അറിയിച്ചു.