യു.എസിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതി പോലീസിന് മുന്നിൽ സ്വയം വെടിവെച്ചു മരിച്ചു
യു.എസിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതിയെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. സാക്രമെന്റോയിലെ പനേര ബ്രെഡ് റെസ്റ്റോറന്റ് ജീവനക്കാരിയായ ശാലിനി ഠാക്കൂർ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ രോഹിത് (22) പോലീസിന് മുന്നിൽവെച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ജോലിസ്ഥലത്ത് എത്തിയ ശാലിനിയെ പിന്തുടർന്നെത്തിയ രോഹിത് തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ കാറിൽ രക്ഷപ്പെട്ടു. കൃത്യത്തിനു ശേഷം ഹൈവേ 50-ൽ വെച്ച് പോലീസ് വളഞ്ഞതോടെ രോഹിത് സ്വന്തം തോക്കുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. ഇയാൾ കാലിഫോർണിയയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മകളെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായി ശാലിനിയുടെ മാതാവ് വ്യക്തമാക്കി. ഓൺലൈൻ ഡെലിവറി വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് വിവാഹാഭ്യർഥന നിരസിച്ചതോടെ ശാലിനിയുടെ കാറിന് അടിയിൽ ആപ്പിൾ എയർ ടാഗ് ഘടിപ്പിച്ചും, ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ സ്വന്തമാക്കിയും ഇയാൾ നിരന്തരം നിരീക്ഷിച്ചിരുന്നു. യുവാവിന്റെ ശല്യത്തിനെതിരെ ശാലിനി കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയിരുന്നെങ്കിലും ഇയാൾ വിലക്ക് ലംഘിച്ച് യുവതിയെ പിന്തുടരുകയായിരുന്നു.