അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യയുടെ എസ്സാർ ഗ്രൂപ്പ്; പ്രഖ്യാപനവുമായി ട്രംപ്

 

 

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ വൻ നിക്ഷേപ പദ്ധതിയുമായി ഇന്ത്യയിലെ വ്യാവസായിക ഭീമന്മാരായ എസ്സാർ ഗ്രൂപ്പ്. 1800 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനി കണക്കാക്കുന്നത്. ഇതിൽ 1,500 കോടി ഡോളർ ചെലവഴിച്ച് അമേരിക്കയിലെ അയോവയിൽ വമ്പൻ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കും. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്ന് ട്രംപ് വിശേഷിപ്പിച്ചു.

എസ്സാർ ഗ്രൂപ്പിന്റെ യുഎസ് അനുബന്ധ സ്ഥാപനമായ മെസാബി മെറ്റാലിക്‌സിന്റെ പദ്ധതിയാണിത്. മിനസോട്ടയിലുള്ള കമ്പനിയുടെ സ്വന്തം കേന്ദ്രങ്ങളിൽ നിന്നുള്ള ഇരുമ്പയിര് ഉപയോഗിച്ചായിരിക്കും ഉത്പാദനം. സ്റ്റീൽ നിർമ്മാണത്തിന്റെ മുഴുവൻ പ്രക്രിയയും അമേരിക്കയിൽ തന്നെയായിരിക്കും നടക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ ശാലകളിൽ ഒന്നായ ഈ പ്ലാന്റിന്റെ പ്രതിവർഷ ഉത്പാദന ശേഷി 10 ദശലക്ഷം ടൺ ആണ്. 2030-ൽ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം അമേരിക്കയിലേക്കുള്ള സ്റ്റീൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് കാരണമാണ് അമേരിക്കൻ സ്റ്റീൽ വ്യവസായം തിരികെ ജീവൻ വെക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറക്കുമതി നികുതി ഒഴിവാക്കാനായി വിദേശ കമ്പനികൾ അമേരിക്കയിൽ തന്നെ പ്ലാന്റുകൾ നിർമ്മിക്കാൻ മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്സാർ ഗ്രൂപ്പ് ഉടമകളായ റൂയിയാ കുടുംബാംഗങ്ങളും മെസാബി മെറ്റാലിക്‌സ് ചെയർമാൻ റേവന്ത് റൂയിയായും പങ്കെടുത്തു. അമേരിക്കയിൽ ഉത്പാദനത്തിന് മുൻഗണന നൽകിയതിൽ നന്ദിയുണ്ടെന്ന് റേവന്ത് റൂയിയാ പ്രതികരിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വളരെ നിർണ്ണായകമായ ഒരു സംസ്ഥാനമാണ് അയോവ.