കുവൈത്തിന് ഇന്ത്യയുടെ ഐക്യദാർഢ്യം; അമീറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കുവൈത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി ഇന്ത്യയുടെ പൂർണ്ണ ഐക്യദാർഢ്യം അറിയിച്ചത്. കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെയും അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തെയും പ്രധാനമന്ത്രി അപലപിച്ചു. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ഈ ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരണപ്പെട്ടതിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കുവൈത്തിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യയുടെ നിലപാടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമീർ പ്രത്യേക നന്ദി അറിയിച്ചു.