ഇൻഡിഗോ വിമാനയാത്രയ്ക്ക് ഇനി ചെലവേറും; ഫ്യുവൽ സർചാർജ് വർധിപ്പിച്ചു

 

വിമാന ഇന്ധനമായ എ.ടി.എഫ് വില ഉയർന്നതിനെ തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ ഫ്യുവൽ സർചാർജ് വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനവുണ്ടാകും.

ആഭ്യന്തര സർവീസുകളിൽ യാത്രാദൂരത്തിന് അനുസരിച്ച് 100 രൂപ മുതൽ 350 രൂപ വരെയാണ് വർധന. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസങ്ങളിൽ എ.ടി.എഫ് വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായെന്നും, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ 14 ശതമാനത്തിലധികം വർധനയുണ്ടായെന്നും ഇൻഡിഗോ അറിയിച്ചു.

500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജ് 375 രൂപയാക്കി ഉയർത്തി. നിലവിലിത് 275 രൂപയാണ്, 501 മുതൽ 1,000 കിലോമീറ്റർവരെ ദൂരമുള്ള വിമാന യാത്രയ്ക്ക് 600 രൂപയാണ് സർചാർജ്. 400 രൂപയിൽനിന്നാണ് 600 ആക്കി ഉയർത്തിയത്.

1,001 മുതൽ 1,500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഈ തുക 900 രൂപയും 1,501 മുതൽ 2,000 കിലോമീറ്റർവരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും. 2,000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജായി 1,300 രൂപയായിരിക്കും ഈടാക്കുക. നിലവിലിത് യഥാക്രമം 600 രൂപ, 800 രൂപ,950 രൂപ എന്നിങ്ങനെയായിരുന്നു. ആഭ്യന്തര റൂട്ടുകളിലെ നിരക്കാണിത്.

അന്താരാഷ്ട്ര റൂട്ടുകളിലെ പരിഷ്കരിച്ച സർചാർജ് ഇപ്രകാരമാണ് സാാർക് (SAARC) രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ 1,000 രൂപ മുതൽ 3,000 രൂപ വരെയും, ആഫ്രിക്കൻ സർവീസുകൾക്ക് 6,000 രൂപയും, യൂറോപ്യൻ സർവീസുകൾക്ക് 10,000 രൂപയുമാണ് ഫ്യൂവൽ സർചാർജ് ഈടാക്കുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യ, ജിസിസി, മിഡിൽ ഈസ്റ്റ് തുടങ്ങിയ റൂട്ടുകളിൽ ഇത് 5,500 രൂപയായിരിക്കും. ഇന്ധന വിലയിലെ വർധനവ് പ്രവർത്തനച്ചെലവിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഇൻഡിഗോ അറിയിച്ചു.