ഒക്ടോബർ 31 വരെ ഇന്ത്യയിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോ
മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഇൻഡിഗോ എയർലൈൻസ് നീട്ടി. റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 31 വരെ റദ്ദാക്കിയതായി കമ്പനി അറിയിച്ചു.
ജിദ്ദ, ദമ്മാം, മദീന എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയും റദ്ദാക്കിയിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും അധികാരികളുമായി ചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയാണെന്നും ഇൻഡിഗോ എക്സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പർ വഴി നേരിട്ട് വിവരമറിയിക്കും.
വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സമയം ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അസൗകര്യത്തിൽ ഖേദിക്കുന്നതായും ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോയുടെ ഔദ്യോഗിക പത്രക്കുറിപ്പ് ഇന്ത്യൻ എംബസിയും പങ്കുവെച്ചിട്ടുണ്ട്.