ഗാസയിലേത് ശിശുഹത്യ :20000ത്തോളം കുട്ടികളെ കൊന്നതായി യുഎൻ റിപ്പോർട്ട്
ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയത് ശിശുഹത്യയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കമ്മിഷൻ റിപ്പോർട്ട്. ഗാസയുടെ നിലനിൽപ്പ് ഇല്ലാതാക്കാൻ ഇസ്രയേൽ മനഃപൂർവം കുട്ടികളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതിന് തെളിവുണ്ടെന്ന് യു എൻ മനുഷ്യാവകാശ കമ്മീഷണറും മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസുമായ ശ്രീനിവാസൻ മുരളീധർ പറഞ്ഞു
2023 ഒക്ടോബർ ഏഴിനും 2025 ഒക്ടോബർ ഏഴിനും ഇടയിൽ 20,179 കുട്ടികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.കൊല്ലപ്പെട്ടതിൽ 5,031 കുട്ടികൾ അഞ്ച് വയസിന് താഴെയുള്ളവരാണ്. ഒരു വയസിൽ താഴെയുള്ള 1029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. രേഖകളിൽപ്പെടാത്ത മരണങ്ങളും കുട്ടികളെ കാണാതായ കേസുകളും വേറെ.2025 ഒക്ടോബറിലെ വെടിനിർത്തലിന് ശേഷവും കുട്ടികളെ കൊലപ്പെടുത്തുന്നത് തുടർന്നു എന്നാണ് കണ്ടത്തിൽ.കുട്ടികൾക്ക് നേരെയുള്ള ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇസ്രയേൽ രണ്ട് രീതിയിലാണ് ഗാസയിലെ കുട്ടികളെ ആക്രമിച്ചത്. ക്വാഡ്‌കോപ്റ്ററുകൾക്കൊപ്പം സ്‌നൈപ്പറുകളും വിന്യസിച്ച് കുട്ടികളെ ലക്ഷ്യം വെച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. വലിയ ആയുധങ്ങൾ ഉപയോഗിച്ച് ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾ, സ്‌കൂളുകൾ, കുട്ടികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി. ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകർത്തതും ഭക്ഷ്യവസ്തുക്കളും മരുന്നുകളുമടക്കം സഹായങ്ങൾ തടഞ്ഞതും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും പട്ടിണിക്കുമിടയാക്കിയെന്നും റിപ്പോർട്ട് പറയുന്നു.വർഷങ്ങളായുള്ള ആക്രമണം, പലായനം, സംഘർഷം, ദാരിദ്ര്യം എന്നിവ ഗാസയിലെ കുട്ടികൾക്ക് ആഴത്തിലുള്ള മാനസികാഘാതം ഉണ്ടാക്കി. അവരുടെ സുരക്ഷ, അസ്ഥിത്വം, പ്രതീക്ഷ, അതിജീവനം എന്നിവയെ ദുർബലപ്പെടുത്തി എന്നും യു എൻ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.