കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് നിർദേശം; ലംഘിച്ചാൽ കർശന നിയമനടപടി
കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ ശമ്പളം മുടങ്ങാതെ കൃത്യസമയത്ത് നൽകണമെന്ന് തൊഴിലുടമകൾക്ക് കർശന മുന്നറിയിപ്പ് നൽകി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്. സ്വദേശി പൗരന്മാരുടെ ശമ്പളം നൽകുന്നതുപോലെ തന്നെ പ്രവാസികളുടെ വേതനവും യാതൊരു വിവേചനവുമില്ലാതെ വിതരണം ചെയ്യണം. ശമ്പളം നൽകാത്ത സാഹചര്യം ആശങ്കാജനകമായ തലത്തിലേക്ക് എത്തിയിട്ടുണ്ടെന്നും നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അധ്യക്ഷൻ കൂടിയായ മന്ത്രി വ്യക്തമാക്കി.
ശമ്പളം കുടിശ്ശിക വരുത്തൽ, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ രാജ്യത്തിന്റെ അന്താരാഷ്ട്ര റാങ്കിംഗുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായി വേതനം നൽകൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നിലവിൽ 10,000 കമ്പനികളുടെ ഫയലുകൾ അന്വേഷണത്തിലാണ്. ഇതിൽ ചില സ്ഥാപനങ്ങൾ കഴിഞ്ഞ നാല് മാസമായി ശമ്പളം നൽകിയിട്ടില്ല.
ഒപ്പം, ജൂൺ വരെ 8,450 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പാം ഡയറക്ടർ ജനറൽ റബാബ് അൽ ഉസൈമി അറിയിച്ചു. വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് സെൻട്രൽ ബാങ്കുമായി ചേർന്ന് ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, ഒരു രാജ്യത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം 30-40 ശതമാനത്തിൽ കൂടാത്ത വിധം ക്വാട്ട സമ്പ്രദായം കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാനും അതോറിറ്റിയോട് മന്ത്രി നിർദ്ദേശിച്ചു.