അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി ബഹ്‌റൈനിലേക്ക്; നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം
രാജ്യങ്ങൾക്കും കമ്പനികൾക്കുമിടയിലെ തർക്കങ്ങൾ പരിഹരിക്കുന്ന അന്താരാഷ്ട്ര നീതി ന്യായ സ്ഥാപനമായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷന്റെ (Permanent Court of Arbitration) കേന്ദ്രത്തിന് ആതിഥേയത്വം വഹിക്കാനുള്ള കരാറിൽ ബഹ്‌റൈൻ ഉടൻ ഒപ്പിടും. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് ശൂറാ കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ സമിതി അംഗീകാരം നൽകാൻ ശുപാർശ ചെയ്തു. അടുത്ത കൗൺസിൽ യോഗത്തിൽ നിയമത്തിന്മേൽ വോട്ടെടുപ്പ് നടക്കും. മിഡിൽ ഈസ്റ്റിൽ ഇത്തരമൊരു കരാറിൽ ഒപ്പിടുന്ന ആദ്യ രാജ്യമായി ബഹ്‌റൈൻ ഇതോടെ മാറും.
കരാർ അംഗീകരിക്കപ്പെടുന്നതോടെ കോടതിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഓഫീസ് സൗകര്യങ്ങളും ഭരണപരമായ പിന്തുണയും ബഹ്‌റൈൻ നൽകും. കോടതിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിനായി ആർബിട്രേറ്റർമാർക്കും ജീവനക്കാർക്കും പ്രത്യേക നിയമപരിരക്ഷ ഉറപ്പാക്കും. കേസുകളിൽ ഉൾപ്പെടുന്ന അഭിഭാഷകർക്കും സാക്ഷികൾക്കും ഈ സംരക്ഷണം ലഭ്യമായിരിക്കും. നീതി നടപ്പാക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇത്തരം നിയമ പരിരക്ഷകൾ നൽകുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോടതിയുമായി ബന്ധപ്പെട്ട് രാജ്യത്തെത്തുന്ന വിദേശികൾക്ക് വിസ നടപടികളിൽ ഇളവുകൾ അനുവദിക്കും. എന്നാൽ ഇവർ രാജ്യത്തെ സുരക്ഷാ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായിരിക്കും. കോടതിയുടെ തീരുമാനങ്ങളിലോ പ്രവർത്തനങ്ങളിലോ ബഹ്‌റൈൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും കരാറിൽ വ്യക്തമാക്കുന്നു. ആഗോള തലത്തിൽ നിയമരംഗത്തും തർക്ക പരിഹാര രംഗത്തും ബഹ്‌റൈന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കും.