അന്താരാഷ്ട്ര മ്യൂസിയം ദിനം: ഖത്തറിലെ മ്യൂസിയങ്ങളിൽ മേയ് 18ന് സൗജന്യ പ്രവേശനം
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മേയ് 18 തിങ്കളാഴ്ച ഖത്തറിലെ പ്രമുഖ മ്യൂസിയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (MIA), 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മത്താഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് തുടങ്ങിയ ഇടങ്ങളിലാണ് ഈ ദിവസം പ്രവേശനം സൗജന്യമായിരിക്കുക.
'ഭിന്നിച്ചുനിൽക്കുന്ന ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങൾ' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഖത്തർ നാഷണൽ മ്യൂസിയത്തിന്റെ 50-ാം വാർഷികാഘോഷങ്ങളുടെയും 'എവല്യൂഷൻ നേഷൻ' കാമ്പയിന്റെയും പശ്ചാത്തലത്തിലാണ് ഈ വർഷത്തെ മ്യൂസിയം ദിനം കടന്നുവരുന്നത് എന്ന പ്രത്യേകതയുമുണ്ട്. സന്ദർശകർക്കായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ പരിപാടികൾ മ്യൂസിയങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും ഒന്നിച്ച് പങ്കെടുക്കാവുന്ന വിപുലമായ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തറിന്റെ സാംസ്‌കാരിക പൈതൃകവും കലയും കായിക ചരിത്രവും അടുത്തറിയാൻ താല്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഖത്തർ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (qm.org.qa) ലഭ്യമാണ്.