ഇറാൻ ആക്രമണം: കുവൈത്തിൽ ഒരാൾക്ക് പരിക്ക്; മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി സൈന്യം
കുവൈത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് പരിക്കേറ്റതെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. പരിക്കേറ്റയാൾക്ക് ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശിഷ്ടങ്ങൾ വീണതുമൂലം ചെറിയ തോതിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂയിസ് മിസൈൽ, പത്ത് ഡ്രോണുകൾ എന്നിവ കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയതായും അവ വിജയകരമായി തടഞ്ഞു നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി അറിയിച്ചു.
മേഖലയിൽ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം ഇതുവരെ കുവൈത്തിന് നേരെ വന്ന 16 ക്രൂയിസ് മിസൈലുകളും 386 ബാലിസ്റ്റിക് മിസൈലുകളും 916 ഡ്രോണുകളുമാണ് സൈന്യം തടഞ്ഞത്. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കാൻ സൈന്യം പൂർണ്ണ സന്നദ്ധതയോടെയും ജാഗ്രതയോടെയും നിലയുറപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.