ഇറാൻ ആക്രമണം; യുഎൻ സെക്രട്ടറി ജനറലിനും സുരക്ഷാ കൗൺസിലിനും കത്തയച്ച് ബഹ്റൈൻ

 

ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ബഹ്റൈൻ. ജിസിസി രാജ്യങ്ങൾക്ക് വേണ്ടി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ബഹ്റൈന്റെ സ്ഥിരം മിഷനാണ് യുഎൻ സെക്രട്ടറി ജനറലിനും സുരക്ഷാ കൗൺസിൽ പ്രസിഡന്റിനും ഔദ്യോഗികമായി കത്തയച്ചത്. കഴിഞ്ഞ മാർച്ച് ആറിന് യുഎന്നിലെ ഇറാൻ പ്രതിനിധി നടത്തിയ വാദങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കം.

ജിസിസി രാജ്യങ്ങളിലെ നാശനഷ്ടങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തടഞ്ഞത് മൂലമാണെന്ന ഇറാന്റെ ആരോപണം കത്തിൽ കർശനമായി നിരാകരിച്ചു. സിവിലിയൻ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധ ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2026 ഫെബ്രുവരി 28 മുതൽ തുടരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ബഹ്റൈൻ വ്യക്തമാക്കി.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ-ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ, നയതന്ത്ര ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തുന്നത്. സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന ഇറാന്റെ വാദം തെറ്റാണെന്നും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവൻ അപകടത്തിലാണെന്നും കത്തിൽ വിശദീകരിച്ചു. സ്വയംരക്ഷയ്ക്കുള്ള അവകാശം സംബന്ധിച്ച യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 ദുരുപയോഗം ചെയ്ത് ആക്രമണങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഇറാൻ നടപടിയെ അപലപിച്ച യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാടിനെ അഭിനന്ദിക്കുന്നതായും ജിസിസി രാജ്യങ്ങൾ അറിയിച്ചു.