ബഹ്റൈന് നേരെ വീണ്ടും ഇറാന്റെ ആക്രമണം; മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ച് വ്യോമസേന
Jun 11, 2026, 11:59 IST
ബഹ്റൈന് നേരെ ഇന്ന് പുലർച്ചെയോടെ വീണ്ടും ഇറാന്റെ ആക്രമണമുണ്ടായി. പുലർച്ചെ നാല് മണിയോടെയായിരുന്നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആദ്യ ആക്രമണം നടന്നത്. ആക്രമണത്തിന് മുന്നോടിയായി പുലർച്ചെ മൂന്ന് മണിയോടെ തന്നെ അധികൃതർ രാജ്യത്ത് ജാഗ്രതാ സൈറണുകൾ മുഴക്കിയിരുന്നു. ജുഫൈറിലെ അമേരിക്കൻ നാവികസേനാ ആസ്ഥാനം (കപ്പൽ പടയുടെ ആസ്ഥാനം) ലക്ഷ്യം വെച്ചായിരുന്നു പ്രധാനമായും ആക്രമണങ്ങൾ നടന്നത്.
ഇറാൻ തൊടുത്തുവിട്ട ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ ഫലപ്രദമായി തകർത്തു. സുരക്ഷാ സേനയുടെ സമയബന്ധിതവും ജാഗ്രതയോടെയുമുള്ള ഇടപെടൽ മൂലമാണ് വൻ നാശനഷ്ടങ്ങൾ ഒഴിവാക്കാനായത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായ രീതിയിൽ തന്നെ നേരിടുമെന്ന് ബഹ്റൈൻ വ്യോമ പ്രതിരോധ സേന വ്യക്തമാക്കിയിട്ടുണ്ട്.