ഹോർമുസ് കടലിടുക്കിൽ യു.എ.ഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; ആർക്കും പരിക്കില്ല
ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം. അബുദാബി ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ (ADNOC) രണ്ട് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും ജീവനക്കാർ ആരും പരിക്കേൽക്കാതെ സുരക്ഷിതരാണെന്നും അഡ്നോക്ക് ഔദ്യോഗികമായി അറിയിച്ചു.
മേഖലയിൽ സംഘർഷം ആരംഭിച്ചതിനു ശേഷം ഇറാന്റെ ആക്രമണത്തിന് ഇരയാകുന്ന അഡ്നോക്കിന്റെ പതിനേഴാമത്തെയും പതിനെട്ടാമത്തെയും കപ്പലുകളാണിത്. തങ്ങളുടെ നിയന്ത്രണങ്ങൾ മറികടന്ന് ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാൻ അനുവദിക്കില്ലെന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മുന്നറിയിപ്പിന് പിന്നാലെയാണ് സൈനിക നടപടി കടുപ്പിച്ചത്.
കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര സമുദ്രപാതയിൽ ഇറാൻ നടത്തുന്നത് നഗ്നമായ നിയമലംഘനവും കടൽക്കൊള്ളയുമാണെന്ന് വിശേഷിപ്പിച്ച യു.എ.ഇ, ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ആഗോള എണ്ണ വിപണിയെയും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.