തിരിച്ചടി തുടര്‍ന്ന് ഇറാന്‍; സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

 

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമാകുന്നു. ബഹ്‌റൈനിലെ സൽമാൻ തുറമുഖത്തിന് സമീപമുള്ള തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാൻ ശക്തമായ ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്നുണ്ടായ വൻ തീപിടുത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക-സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക ലക്ഷ്യമിട്ടുള്ള ഡ്രോൺ അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്റെ ഉള്ളിലേക്ക് കടന്നുകയറി ബി-2 (B-2) ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് 2000 പൗണ്ട് ബോംബുകൾ വർഷിച്ചാണ് മിസൈൽ കേന്ദ്രങ്ങൾ തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേലും ശക്തമായ തിരിച്ചടി തുടരുകയാണ്. ആക്രമണങ്ങൾ രൂക്ഷമായതോടെ ഇസ്രായേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടിയിട്ടുണ്ട്.

ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായേൽ നഗരമായ ജറുസലേമിലും പതിച്ചു. സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുഎഇ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇറാനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടിയ യുഎഇ, അംബാസഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചുവിളിച്ചു. സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ കടുത്ത നടപടിയെന്ന് യുഎഇ വ്യക്തമാക്കി.