മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു; സൈനിക നടപടി തുടരുമെന്ന് ട്രംപ്
ഇറാന് നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത സൈനിക നീക്കങ്ങളെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാൻ ഉയർത്തുന്ന ആണവ ഭീഷണിയെക്കുറിച്ചും സൈനിക നടപടികൾ തുടരുന്നതിനെക്കുറിച്ചും ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആണവ പദ്ധതി അമേരിക്കയ്ക്കും ലോകത്തിനും വളർന്നുവരുന്ന ഭീഷണിയാണെന്നും മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാന്റെ മിസൈൽ ശേഷികൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ട ആക്രമണങ്ങൾ നടത്തിയതെന്ന് ട്രംപ് പറഞ്ഞു. ഇതിനകം ഇറാന്റെ പത്തോളം കപ്പലുകൾ തകർത്ത് അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ പക്കൽ ആണവായുധങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും എത്രകാലം വേണമെങ്കിലും യുദ്ധം തുടരാൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ദുഷ്ട ഭരണകൂടം ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാനുള്ള അവസാന അവസരമായാണ് ഈ ആക്രമണത്തെ കാണുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.