ഹോർമൂസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ; ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങൾക്കും ആശ്വാസം

 

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ. ഇന്ത്യയ്ക്ക് പുറമെ ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് കപ്പലുകൾക്കും ഇളവ് അനുവദിച്ചതായി ഇറാൻ പാർലമെന്റ് അംഗം അഹ്മദ് ഹയാത്ത്-മൊഗദ്ദാം അറിയിച്ചു.

'ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാം. അമേരിക്കക്കാരും അവരെ തടയില്ല' എന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശ നയ സമിതി വൈസ് ചെയർമാനായ അഹ്മദ് ഹയാത്ത്-മൊഗദ്ദാം ഇറാനിയൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഈ രാജ്യങ്ങളുമായുള്ള നയതന്ത്ര സാമ്പത്തിക ബന്ധങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്ന് അത്യാവശ്യ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനാണ് ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ യാത്രാ സൗകര്യമൊരുക്കുന്നത്. ചൈനീസ് കപ്പലുകൾക്ക് നൽകിയിരിക്കുന്ന ഇളവ് അവരുമായുള്ള പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങളിൽ ഇതുവരെ 23 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ജലപാതകളിലൂടെയുള്ള തടസ്സമില്ലാത്ത ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.