മക്ക പ്രതിരോധ കരാറിലേക്ക് ക്ഷണം ലഭിച്ചതായി ഇറാൻ; പശ്ചിമേഷ്യയിൽ നിർണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു

 

സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച 'മക്ക പ്രതിരോധ കരാറിന്റെ' ഭാഗമാകാൻ തങ്ങൾക്ക് ക്ഷണം ലഭിച്ചതായി ഇറാൻ. ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെ മില്ലത്തിന്റെ തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ച് പാകിസ്താനിലെ സമാ ടിവിയാണ് വിവരം പുറത്തുവിട്ടത്. വാഗ്ദാനം ഇറാൻ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ക്ഷണം അയച്ചതാരെന്നോ എന്ന് ലഭിച്ചെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ഥാപക രാജ്യങ്ങളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഓഗസ്റ്റ് 7-ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്നാണ് മക്കയിൽ ചരിത്രപരമായ ഈ കരാറിൽ ഒപ്പുവെച്ചത്. ഒരംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം മുഴുവൻ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് കരാറിന്റെ പ്രധാന വ്യവസ്ഥ. കൂട്ടായ പ്രതിരോധം, പ്രതിരോധ വ്യവസായ സഹകരണം, സംയുക്ത സൈനിക അഭ്യാസങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയാണ് 'ഇസ്ലാമിക് നാറ്റോ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സൗദിയും ഇറാനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളുടെയും യുഎസ് ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഇറാൻ കൂടി സഖ്യത്തിലേക്ക് എത്തുന്നത് പശ്ചിമേഷ്യയിൽ വൻ മാറ്റങ്ങൾക്കാകും തുടക്കമിടുക. മേഖലയിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം കുറയ്ക്കാനും പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സ്വയംഭരണാധികാരം ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയും സഖ്യത്തിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.