അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചു; വെടിനിർത്തൽ ലംഘിച്ചതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

 

പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക് നീങ്ങുന്നു. അമേരിക്കയുമായി നടത്തിവന്നിരുന്ന എല്ലാവിധ നയതന്ത്ര ചർച്ചകളും ഇറാൻ പൂർണ്ണമായി നിർത്തിവെച്ചതായി ഇറാനിയൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ സൈന്യം തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നിർണായക നടപടി.

മധ്യസ്ഥ ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും നിർത്തി; കടുത്ത നിലപാടിൽ ഇറാൻ

"ലെബനനിൽ ഇസ്രയേൽ ഭരണകൂടത്തിന്റെ ക്രൂരമായ ആക്രമണങ്ങൾ തുടരുകയാണ്. നേരത്തെയുണ്ടാക്കിയ വെടിനിർത്തൽ വ്യവസ്ഥകളിൽ ലെബനൻ ഉൾപ്പെട്ടിരുന്നതാണ്. ഈ വ്യവസ്ഥകൾ ഇസ്രയേൽ പരസ്യമായി ലംഘിച്ച പശ്ചാത്തലത്തിൽ, ഒത്തുതീർപ്പിനായി മധ്യസ്ഥർ മുഖേന നടത്തിവന്നിരുന്ന എല്ലാ ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും ഇറാൻ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്" - തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.

ചർച്ച നിർത്തിവെക്കുന്നത് സംബന്ധിച്ച് ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല. എന്നാൽ യു.എസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ ഗുരുതരമായ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഒരേപോലെ ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം എക്‌സിലൂടെ (X) വ്യക്തമാക്കി.

"ലെബനൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കൃത്യമായ അവ്യക്തതകളില്ലാതെയാണ് ഇറാനും അമേരിക്കയും തമ്മിൽ സമഗ്രമായ വെടിനിർത്തലിന് ധാരണയുണ്ടാക്കിയത്. സഖ്യത്തിലുള്ള ഏതെങ്കിലും ഒരു മുന്നണി വ്യവസ്ഥകൾ ലംഘിച്ചാൽ അത് വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതിന്റെ പ്രത്യാഘാതം അമേരിക്കയും ഇസ്രയേലും അനുഭവിക്കേണ്ടി വരും" - അരാഗ്ചി എക്‌സിൽ കുറിച്ചു.

സൈന്യം പിന്മാറാതെ ഇനി ചർച്ചയില്ല

ഗാസയിലും ലെബനനിലും ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും ലെബനനിൽ നിന്ന് ഇസ്രയേലി സൈന്യം പൂർണ്ണമായി പിന്മാറണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. ഈ വിഷയങ്ങളിൽ അനുകൂലമായ നിലപാടുണ്ടാകുന്നത് വരെ ഇനി അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയതായി തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഹിസ്ബുള്ളയുടെ ശക്തമായ കേന്ദ്രമെന്ന് പറയപ്പെടുന്ന ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള 'ദഹിയ' (Dahiyeh) ആക്രമിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ബെയ്‌റൂത്തിലെ ഇസ്രയേലിന്റെ ഈ പുതിയ ആക്രമണ പദ്ധതികൾ യു.എസുമായി പൂർണ്ണമായി ഏകോപിപ്പിച്ചാണ് ചെയ്യുന്നതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ (CNN) റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മുന്നോടിയായി ഈ പ്രദേശത്ത് നിന്ന് ഉടനടി ഒഴിഞ്ഞു പോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

ഡ്രോൺ-മിസൈൽ ആക്രമണം; ചരക്കുകപ്പലിന് നേരെയും പ്രഹരം

ഇറാൻ-യു.എസ് സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കിടയിലാണ് പശ്ചിമേഷ്യയെ വീണ്ടും ചതുരംഗക്കളമാക്കിക്കൊണ്ട് പുതിയ നീക്കങ്ങൾ നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇറാന്റെ റഡാർ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് സൈന്യത്തിന്റെ കടുത്ത ആക്രമണമുണ്ടായിരുന്നു. ഇതിന് തിരിച്ചടിയായി ഇറാൻ കുവൈത്തിന് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. എന്നാൽ ഈ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.

പുതിയ സംഭവവികാസങ്ങൾ കടൽമാർഗ്ഗമുള്ള രാജ്യാന്തര ചരക്കുനീക്കങ്ങളെയും കനത്ത രീതിയിൽ ബാധിച്ചിട്ടുണ്ട്. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു പ്രമുഖ ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ഉം ഖസ്ർ (Umm Qasr) തുറമുഖത്തിന്റെ തെക്ക് കിഴക്ക് ഏകദേശം 40 മൈൽ അകലെയാണ് കപ്പലിന് നേരെ ആക്രമണം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ (UKMTO) സ്ഥിരീകരിച്ചിട്ടുണ്ട്.