യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; സംഘർഷം യൂറോപ്പിലേക്കും വ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
പശ്ചിമേഷ്യയിൽ അമേരിക്കയുമായുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ സൈനിക തന്ത്രങ്ങൾ പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളവും ബൾഗേറിയയിലെ ബെസ്‌മർ എയർ ബേസുമാണ് ഇറാന്റെ പ്രധാന ലക്ഷ്യങ്ങൾ. മുൻപ് സൈപ്രസിലെ താവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ വിമാനങ്ങൾക്ക് സൈനിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാലാണ് ബൾഗേറിയയെ ഇറാൻ ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകൾ വഴിമുട്ടിയതുമാണ് പ്രകോപനത്തിന് കാരണം. ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിക്കുന്നതുവരെ കടലിടുക്കുവഴി കപ്പൽ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്.