ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സർവീസ് ഫീസ് ഏർപ്പെടുത്താൻ ഇറാൻ; സൗഹൃദ രാജ്യങ്ങൾക്ക് ഇളവ്

 

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് പുതിയ സർവീസ് ഫീസ് ഈടാക്കാനൊരുങ്ങി ഇറാൻ. ചൈനയിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ ബെയ്ജിങ്ങിലെ ഇറാൻ അംബാസഡർ അബ്ദുൽറസൂൽ റഹ്മാനി ഫസ്‌ലിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാൽ ഫീസ് ഈടാക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാന്റെ നിലപാട്. ഇത് സാധാരണ ടോൾ അല്ലെന്നും കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും ഗതാഗത മേൽനോട്ടത്തിനുമുള്ള ഫീസാണെന്നും അംബാസഡർ വിശദീകരിച്ചു.

വലിയ തോതിലുള്ള കപ്പൽ ഗതാഗതം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനും ഈ തുക ഉപയോഗിക്കും. അതേസമയം, പ്രതിസന്ധി ഘട്ടങ്ങളിൽ ഇറാന് ഒപ്പം നിന്ന സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് ഫീസിൽ പ്രത്യേക ഇളവുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണിത്. പശ്ചിമേഷ്യൻ യുദ്ധസമയത്ത് ഇറാൻ ഈ പാത അടച്ചിട്ടത് ആഗോളതലത്തിൽ വലിയ ഇന്ധന വിലക്കയറ്റത്തിന് കാരണമായിരുന്നു. തുടർന്ന് യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി പ്രാഥമിക കരാറിലെത്തിയ ശേഷമാണ് ഇറാൻ ഉപരോധം നീക്കിയത്.

കരാർ പ്രകാരം ആദ്യത്തെ 60 ദിവസം കപ്പലുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നെങ്കിലും അതിനുശേഷമുള്ള നിബന്ധനകളിൽ വ്യക്തതയുണ്ടായിരുന്നില്ല. പുതിയ നീക്കം ആഗോള വിതരണ ശൃംഖലയെയും ഇന്ധനവിലയെയും ബാധിക്കുമോ എന്ന ആശങ്ക പല രാജ്യങ്ങളും പങ്കുവെക്കുന്നുണ്ട്. അമേരിക്ക ഇതിനെ എതിർക്കുന്നുണ്ടെങ്കിലും ഒമാനുമായി സഹകരിച്ച് ജലപാതയിൽ പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി ഇറാൻ മുന്നോട്ട് പോവുകയാണ്.