ഖത്തറിന് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടിക്ക് പരിക്ക്
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ ദോഹയിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾക്കെതിരെയുണ്ടായ വ്യോമാക്രമണത്തെ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ആക്രമണത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ ഏജൻസികളും സിവിൽ ഡിഫൻസ് വിഭാഗവും ഫീൽഡ് തലത്തിൽ സജീവമായി രംഗത്തുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാതൊരുവിധത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളോ, ചിത്രങ്ങളോ, വീഡിയോ ദൃശ്യങ്ങളോ സോഷ്യൽ മീഡിയ വഴി പങ്കുവെക്കരുതെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തുടർച്ചയായ ആറാം ദിവസവും യുഎസ് ആക്രമണം ശക്തമാക്കിയതോടെയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ പ്രത്യാക്രമണം വ്യാപിപ്പിക്കുന്നത്. ഇറാന്റെ വിവിധ നഗരങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ കമ്മ്യൂണിക്കേഷൻ ടവർ തകർന്നു. അതേസമയം, ഇറാൻ-യുഎസ് സമാധാന ചർച്ചകളെ തകർക്കാൻ ഇസ്രായേൽ ബോധപൂർവ്വം ഇടപെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.