റിയാദിലെ യുഎസ് എംബസിക്ക് നേരെയുള്ള ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ

 

റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. സായുധ പോരാട്ട സമയത്തുപോലും നയതന്ത്ര കാര്യാലയങ്ങൾക്കും ജീവനക്കാർക്കും സംരക്ഷണം ഉറപ്പുനൽകുന്ന ജനീവ, വിയന്ന കൺവെൻഷനുകളുടെ ലംഘനമാണിതെന്ന് സൗദി ചൂണ്ടിക്കാട്ടി.

ആക്രമണങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂമിയോ വിട്ടുനൽകില്ലെന്ന് സൗദി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് അറിഞ്ഞുകൊണ്ട് ഇറാൻ നടത്തുന്ന ഇത്തരം പ്രകോപനങ്ങൾ മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിയിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷ, പ്രാദേശിക അഖണ്ഡത, പൗരന്മാർ, താമസക്കാർ എന്നിവരെ സംരക്ഷിക്കുന്നതിനായി മറുപടി നൽകുന്നത് ഉൾപ്പെടെയുള്ള ഏത് നടപടിയും സ്വീകരിക്കാൻ സൗദിക്ക് പൂർണ്ണ അവകാശമുണ്ടെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.