ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; തീപിടിത്തം നിയന്ത്രണവിധേയം, സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ
Mar 4, 2026, 08:22 IST
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോൺ ആക്രമണത്തെത്തുടർന്ന് കോൺസുലേറ്റിന് സമീപം ചെറിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും ദുബായ് സിവിൽ ഡിഫൻസ് വിഭാഗം ഉടൻ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. എല്ലാവരുടെയും സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചെന്ന് യുഎഇ സർക്കാർ അറിയിച്ചു. കെട്ടിടത്തിൽ ഡ്രോൺ പതിച്ചെങ്കിലും യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ സ്ഥിരീകരിച്ചു. വലിയ സ്‌ഫോടനശബ്ദം കേട്ടതായും തൊട്ടുപിന്നാലെ കോൺസുലേറ്റിന് സമീപം തീജ്വാലകൾ കണ്ടതായും പ്രദേശവാസികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.