ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കും; 'ട്രൂത്ത് സോഷ്യലിലൂടെ' വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

 

ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും നശിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ (Truth Social) ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുറേനിയം ഒന്നുകിൽ അമേരിക്കയ്ക്ക് കൈമാറി അവ നശിപ്പിക്കും; അല്ലെങ്കിൽ ഇറാന്റെ പൂർണ്ണ സഹകരണത്തോടെയും ഏകോപനത്തോടെയും അവിടെ വെച്ചോ, അതല്ലെങ്കിൽ മറ്റൊരു സ്വീകാര്യമായ സ്ഥലത്തോ അന്താരാഷ്ട്ര അറ്റോമിക് എനർജി കമ്മിഷനെയോ അതിന് തുല്യമായ സ്ഥാപനത്തെയോ സാക്ഷിയാക്കി നശിപ്പിക്കുമെന്നും ട്രംപ് കുറിച്ചു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ

സമാധാനക്കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് തടസ്സമായി നിൽക്കുന്ന പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായി ഇറാനിയൻ പ്രതിനിധി സംഘം നിലവിൽ ഖത്തറിലുണ്ട്. ഇതിനിടെ ദക്ഷിണ ഇറാനിൽ യു.എസ് സൈന്യം ആക്രമണം നടത്തിയത് സമാധാന ചർച്ചകളുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്.

ശത്രുക്കളുടെ 'അമിതമായ ആവശ്യങ്ങൾക്ക്' രാജ്യം ഒരു സാഹചര്യത്തിലും വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ഇറാന്റെ പരമാധികാരവും അവകാശങ്ങളും പൂർണ്ണമായും സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് ചർച്ചകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ബലപ്രയോഗത്തിലൂടെയോ സമ്മർദ്ദങ്ങളിലൂടെയോ ഇറാനെ കീഴടക്കാമെന്നത്‌ വെറുമൊരു മിഥ്യാബോധം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ആഗോള എണ്ണക്കടത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഏതുവിധേനയും തുറന്നുതന്നെ സൂക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.