ഇസ്രയേലിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

 

 

ഇസ്രയേലിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ അവരുടെ ‘യജമാനനായ’ അമേരിക്കയുടെ വാക്ക് കേൾക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഇറാൻ അവരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി വധഭീഷണി നേരിടുന്നുണ്ടെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്‍റെ ഈ പ്രതികരണം.

എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അരാഗ്ചി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ എല്ലാവർക്കും വ്യക്തമായി അറിയാവുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ടെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് സമ്മതിച്ചിട്ടുള്ളതാണ്. അവർ യജമാനനെ അനുസരിച്ചില്ലെങ്കിൽ ഇറാൻ അവരെ പാഠം പഠിപ്പിക്കും. ഞങ്ങളുടെ ജനങ്ങൾക്കോ നേതൃത്വത്തിനോ നേരെ ഉണ്ടാകുന്ന ഏത് ഭീഷണിക്കും ശക്തവും പെട്ടെന്നുള്ളതുമായ മറുപടി ലഭിക്കും’- അരാഗ്ചി കുറിച്ചു.