ഇറാന്റെ ആക്രമണം: വ്യോമപാത താൽക്കാലികമായി അടച്ച് കുവൈത്ത്, വിമാനങ്ങൾ തിരിച്ചുവിട്ടു

 

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു. വ്യാഴാഴ്ച പുലർച്ചെ 4:50 മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. വ്യോമപാത അടച്ചതിനെ തുടർന്ന് നിലവിലുള്ള വിമാനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.

മേഖലയിലെ സിവിൽ വ്യോമഗതാഗതത്തിന് ഭീഷണിയാകാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് ഈ അടിയന്തര നടപടി. കുവൈത്തിനെതിരെ ഉണ്ടായ ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമപാത അടച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ വിവിധ സർക്കാർ ഏജൻസികളുമായും സുരക്ഷാ വകുപ്പുകളുമായും ചേർന്ന് അധികൃതർ നിരന്തരം വിലയിരുത്തുന്നുണ്ട്.

അപകടസാധ്യതകൾ പൂർണ്ണമായി അവസാനിച്ചുവെന്ന് ഉറപ്പാകുന്നതോടെ വ്യോമപാത വീണ്ടും തുറക്കുമെന്നും വിമാന സർവീസുകൾ സാധാരണ നിലയിലാക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരും വിമാനക്കമ്പനികളും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.