ഇറാന്റെ ന്യായീകരണം അടിസ്ഥാനരഹിതം; യു.എന്നിന് കത്തയച്ച് ഖത്തർ

 

ഖത്തറിന് നേരെ ഇറാൻ നടത്തിയ സൈനിക ആക്രമണങ്ങൾക്ക് യാതൊരു നിയമപരമായ അടിത്തറയുമില്ലെന്നും, അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇറാന് ഒഴിഞ്ഞുമാറാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഖത്തർ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. ഫെബ്രുവരി 28 മുതൽ ഇറാൻ തുടരുന്ന ആക്രമണങ്ങൾ യു.എൻ ചട്ടങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖത്തറിന്റെ നയതന്ത്ര നീക്കം.

യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസിനും സുരക്ഷാ കൗൺസിൽ അധ്യക്ഷൻ ജെറോം ബോണഫോണ്ടിനും ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയാണ് കത്ത് കൈമാറിയത്. മറ്റ് രാജ്യങ്ങൾക്ക് നേരെ ബലപ്രയോഗം നടത്തുന്നത് യു.എൻ ചാർട്ടർ ആർട്ടിക്കിൾ 2(4)-ന്റെ ലംഘനമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഇറാന്റെ നടപടികളെ അപലപിച്ച യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ നിലയങ്ങൾ, കപ്പലുകൾ എന്നിവയ്ക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഹുർമുസ് കടലിടുക്ക് അടച്ചിടാൻ ശ്രമിക്കുകയും ചെയ്ത ഇറാന്റെ വാദങ്ങളെ ഖത്തർ പൂർണ്ണമായും തള്ളി. യു.എൻ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം ആത്മരക്ഷാർത്ഥമുള്ള തിരിച്ചടിയാണെന്ന ഇറാന്റെ വാദം അടിസ്ഥാനരഹിതമാണെന്നും, മറിച്ച് സ്വയം പ്രതിരോധിക്കാൻ ഖത്തറിനാണ് നിയമപരമായ അവകാശമുള്ളതെന്നും ചൂണ്ടിക്കാട്ടി. ആക്രമണത്തിലൂടെയുണ്ടായ സാമ്പത്തിക-ഭൗതിക നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാൻ ഖത്തറിന് പൂർണ്ണ അവകാശമുണ്ടെന്നും കത്തിൽ അടിവരയിടുന്നു.