തുർക്കിയെ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്
മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ തുർക്കിയെ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിട്ടുള്ള നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം ഇറാൻ തൊടുത്തുവിട്ട മിസൈൽ ആകാശത്തുവെച്ച് തന്നെ തകർത്തു. ഇത് രണ്ടാം തവണയാണ് തുർക്കിക്ക് നേരെ ഇറാൻ മിസൈൽ തൊടുത്തുവിടുന്നത്. മിസൈൽ വിജയകരമായി വെടിവെച്ചിട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ തെക്കുകിഴക്കൻ പ്രവിശ്യയായ ഗാസിയൻതെപ്പിൽ പതിച്ചെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിന് പിന്നാലെ ഇറാന് കടുത്ത ഭാഷയിൽ തുർക്കി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തിനെതിരെയും മടിയില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തുർക്കി അധികൃതർ വ്യക്തമാക്കി. മേഖലയിലെ സിവിലിയന്മാരുടെ ജീവനും സുരക്ഷയും അപകടപ്പെടുത്തുന്ന പ്രവൃത്തികളിൽ നിന്ന് ഇറാൻ അടിയന്തരമായി പിന്മാറണമെന്ന് തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബുർഹാനെറ്റിൻ ദുറാൻ ആവശ്യപ്പെട്ടു. സംഘർഷം പടരുന്നതിൽ അങ്കാറ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങൾ തുർക്കി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മേഖലയെ കൂടുതൽ അസ്ഥിരമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ ഉൾപ്പെടെയുള്ള എല്ലാ കക്ഷികളും പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് നേരെയുള്ള ഇത്തരം പ്രകോപനങ്ങൾ വലിയ നയതന്ത്ര പ്രതിസന്ധികൾക്ക് വഴിമരുന്നിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിർത്തികളിൽ സുരക്ഷാ മുൻകരുതലുകൾ തുർക്കി ശക്തമാക്കിയിട്ടുണ്ട്.