ഇസ്രായേലിന് ഇറാന്റെ മറുപടി; മിസൈൽ ആക്രമണം സ്ഥിരീകരിച്ച് ഐഡിഎഫ്

 

ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ അതിശക്തമായ പ്രത്യാക്രമണവുമായി ഇറാൻ. ഇറാനിൽ നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്തതായി ഇസ്രായേൽ പ്രതിരോധ സേന (IDF) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. വടക്കൻ ഇസ്രായേലിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്.

മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ ഉടൻ തന്നെ ബങ്കറുകളിലേക്കും സുരക്ഷിത ഇടങ്ങളിലേക്കും മാറണമെന്ന് സൈന്യം കർശന നിർദ്ദേശം നൽകി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമല്ലെന്നും ഐഡിഎഫ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ശത്രു മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാനുള്ള നീക്കങ്ങൾ വ്യോമസേന ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രായേൽ മിസൈൽ വർഷം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാന്റെ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇരുപക്ഷത്തുമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മേഖലയിൽ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുകയാണ്.