അമേരിക്കയെ ഞെട്ടിച്ച് ഇറാന്റെ പ്രത്യാക്രമണം; ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയ്ക്ക് നേരെ മിസൈൽ വർഷം
ഇസ്രായേലിന് പിന്നാലെ ബഹ്‌റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) താവളത്തിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ഇസ്രായേലിലും ബഹ്‌റൈനിലും ഒരേസമയം ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ നൽകിയ മുന്നറിയിപ്പ് ശരിവെക്കുന്നതാണ് ഈ നീക്കം.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്ക് ഇറാൻ കൂട്ടത്തോടെ മിസൈലുകൾ തൊടുത്തത്. ഇസ്രായേലിലെ വിവിധയിടങ്ങളിൽ മിസൈലുകൾ പതിച്ചതായി ഇസ്രായേൽ സേനയും സമ്മതിച്ചിട്ടുണ്ട്. ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായതോടെ പശ്ചിമേഷ്യ അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
ബഹ്‌റൈനിലെ വിമാനത്താവള പരിസരത്ത് പക്ഷികളെ വളർത്തുന്നതിനും മറ്റും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയ വാർത്തകൾക്കിടെയാണ്, രാജ്യത്തെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായിരിക്കുന്നത്. അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് കൂടി യുദ്ധം വ്യാപിക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും മണിക്കൂറുകളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ നിർണ്ണായകമാകും.