ബഹ്റൈനിലെ ഇസാ ടൗൺ ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു

 

ബഹ്റൈനിലെ റോഡ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇസാ ടൗൺ നോർത്ത് ഇന്റർചേഞ്ച് പദ്ധതിയുടെ ആദ്യ ഘട്ടം ഔദ്യോഗികമായി തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജാണ് ഫ്ലൈഓവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഉപപ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള വികസന സമിതിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റിഫ, ആലി, സനദ്, സൽമാബാദ്, ഈസാ ടൗൺ തുടങ്ങിയ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കും.

ശൈഖ് സൽമാൻ ഹൈവേയിൽ ഇരുവശങ്ങളിലേക്കുമായി മൂന്ന് ലൈനുകൾ വീതമുള്ള ഫ്ലൈഓവറാണ് നിർമ്മിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയായതോടെ ഇന്റർചേഞ്ചിന്റെ ശേഷി മണിക്കൂറിൽ 22,000-ത്തിലധികം വാഹനങ്ങളായി വർദ്ധിച്ചതായി മന്ത്രി അറിയിച്ചു. മനാമ, വടക്കൻ, തെക്കൻ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ പരിഹാരമാകും. ഫ്ലൈഓവറിന് പുറമെ സിഗ്നൽ ജങ്ഷൻ, മഴവെള്ള ഡ്രൈനേജ്, നടപ്പാതകൾ, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.