പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

 
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ പാര്‍ലമെന്റായ കനെസെറ്റില്‍ മോദിക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഇസ്രയേല്‍ പാര്‍ലമെന്റില്‍ എത്തിയ പ്രധാനമന്ത്രിക്ക് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിച്ചു. മോദി ഇസ്രയേലിന്റെ ഉറച്ച സഖ്യകക്ഷിയാണെന്നും അദ്ദേഹം ഇന്ത്യയെ മാറ്റിമറിച്ചുവെന്നും കനെസെറ്റ് സ്പീക്കര്‍ അമീര്‍ ഓഹാന പ്രശംസിച്ചു.മുമ്പ് മോദിയുമായി മെഡിറ്ററേനിയന്‍ തീരത്ത് ചെലവഴിച്ച സമയം അദ്ദേഹം അനുസ്മരിച്ചു. അന്നുമുതലിന്നുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയായും സഹകരണം മൂന്നിരട്ടിയായും വര്‍ദ്ധിപ്പിച്ചുകൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മോദി എന്നും സത്യത്തിനുവേണ്ടിയും ഇസ്രയേലിനൊപ്പവും നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും യഹൂദ വിരുദ്ധത വര്‍ദ്ധിക്കുമ്പോഴും, ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഇന്ത്യയോട് നെതന്യാഹു നന്ദി അറിയിച്ചു. ഇന്ത്യയും ഇസ്രയേലും ഇപ്പോള്‍ തങ്ങളുടെ കരുത്തിന്റെ കൊടുമുടിയിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇസ്രയേലിലെ പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ചിരുന്നു. സുപ്രീംകോടതി പ്രസിഡന്റിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ ഇന്ത്യയോടുള്ള ബഹുമാനസൂചകമായി മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ അവര്‍ പിന്നീട് തിരിച്ചെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുക എന്ന ലക്ഷ്യമാണ് മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. ബെന്‍ ഗുറിയാന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മര്യാദകള്‍ മാറ്റിവെച്ച് ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തുകയായിരുന്നു.