ഇറാനിലെ ദൗത്യം പൂർണമായിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി; വൻ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

 

ഇറാനെതിരേയുള്ള ഇസ്രയേലിന്റെ ദൗത്യം ഇനിയും പൂർത്തിയായിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്‌സ്. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇറാൻ പുനഃരാരംഭിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇറാനൊപ്പം ചേർന്ന് ഇസ്രയേലിനെതിരേ ആക്രമണം നടത്താൻ മുതിരരുതെന്ന് ലെബനനിലെ സായുധസംഘമായ ഹിസ്‌ബൊള്ളയ്ക്ക് മുന്നറിയിപ്പും നൽകി.

1956-ലെ സൂയസ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ സ്മരണാർഥം നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഇസ്രയേൽ കാട്‌സ് നിലപാട് വ്യക്തമാക്കിയത്. ആണവായുധം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇറാൻ തുടരുകയാണെന്നും ഇസ്രയേലിനെ അപകടത്തിലാക്കുന്ന മറ്റ് ഗുരുതരമായ നീക്കങ്ങൾക്കൊപ്പമാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു ഭീഷണിയെയും നേരിടാനും പൗരന്മാരെ സംരക്ഷിക്കാനും ഇസ്രയേൽ സദാ സജ്ജമായിരിക്കണമെന്ന് കാട്‌സ് ആഹ്വാനം ചെയ്തു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇസ്രയേലിനെതിരേയുള്ള ആക്രമണത്തിൽ ഇറാനൊപ്പം ചേരാൻ ഹിസ്‌ബൊള്ള തുനിഞ്ഞാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാഷ്ട്രീയ തിരിച്ചടികൾ നേരിടുന്ന സമയത്താണ് കാട്‌സിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.